Friday, July 17, 2026
Kerala News

ബെംഗളൂരു ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂരപീഡനം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

 ബെംഗളൂരു ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂരപീഡനം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍


ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ഡേ കെയര്‍ കേന്ദ്രത്തില്‍ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ മഞ്ജുളയെയും രണ്ടാം പ്രതിയായ വിജയലക്ഷ്മിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനിടയുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിനുള്ളിലെ ഡേ കെയറിലാണ് സംഭവം നടന്നത്. ജീവനക്കാര്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

കുഞ്ഞുങ്ങളെ വാഷിങ് മെഷീനുള്ളില്‍ കയറ്റുകയും ബാത്ത്റൂമില്‍ പൂട്ടിയിടുകയും ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും മര്‍ദിക്കുന്നതും ടോയ്ലറ്റിലിരുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് ടോയ്ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുന്നതുമടക്കമുള്ള ക്രൂരമായ പെരുമാറ്റങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.

സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ തിങ്കളാഴ്ച വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഐടി കമ്പനിയിലെ ജീവനക്കാര്‍ ജോലി സമയത്ത് മക്കളെ ഈ ഡേ കെയറില്‍ ഏല്‍പ്പിച്ചിരുന്നതായും, കുട്ടികള്‍ക്ക് നേരെയുണ്ടായ ക്രൂരപീഡനത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment