Friday, July 17, 2026
Kerala News

വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍

വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജലപരിശോധനകള്‍ കൃത്യമായി നടത്തുന്നതിനും ജലഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ശാസ്ത്ര തസ്തികകള്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കിയതായി പരാതി. ഗുണനിലവാരമുള്ള കുടിവെള്ള വിതരണത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും അത്യാവശ്യമായ തസ്തികകള്‍ ഇല്ലാതാക്കിയപ്പോള്‍, ഭരണനിര്‍വഹണ വിഭാഗത്തിലെ ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ അട്ടിമറിയാണ് പുതിയ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. 2022-ല്‍ അന്നത്തെ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേശപതി ഐ.എ.എസ്. സമര്‍പ്പിച്ച ആദ്യ വര്‍ക്ക് സ്റ്റഡി പ്രൊപ്പോസലില്‍ ശാസ്ത്ര തസ്തികകള്‍ക്ക് കൃത്യമായ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാരിന്റെ അന്തിമ ശുപാര്‍ശയായി മാറിയപ്പോള്‍ വലിയ രീതിയിലുള്ള വെട്ടിച്ചുരുക്കലുകള്‍ക്ക് വിധേയമാകുകയായിരുന്നു.

ജലത്തിലെ ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും സാന്നിധ്യം പരിശോധിക്കേണ്ട മൈക്രോബയോളജിസ്റ്റ് തസ്തിക വെറും രണ്ടെണ്ണമായി അന്തിമ പ്രൊപ്പോസലില്‍ ചുരുക്കി. കൂടാതെ, ജലശുദ്ധീകരണ പ്രക്രിയകളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഷിഗെല്ല ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ ഈ നീക്കമെന്നത് ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മറുവശത്ത് ശാസ്ത്ര സാങ്കേതിക തസ്തികകളോട് അവഗണന കാട്ടിയപ്പോള്‍ ഹെഡ് ക്ലെര്‍ക്ക് ഉള്‍പ്പെടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഭരണനിര്‍വഹണ പോസ്റ്റുകള്‍ക്ക് വന്‍ പ്രാധാന്യമാണ് പുതിയ ഘടനയില്‍ നല്‍കിയിരിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുകയും ലാബുകളുടെയും ശുദ്ധീകരണ ശാലകളുടെയും സുഗമമായ നടത്തിപ്പിന് ആവശ്യമായ വിദഗ്ദ്ധരെ ഒഴിവാക്കുകയും ചെയ്ത നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment