Friday, July 17, 2026
Kerala News

സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും

 സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും



സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ വടക്കന്‍ കേരളത്തില്‍ വ്യാപക മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടായപ്പോള്‍ കടല്‍ക്ഷോഭവും ശക്തമായി.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതിനെ തുടര്‍ന്ന് കാര്‍ യാത്രക്കാരും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.

കോഴിക്കോട് വടകര ദേശീയപാതയില്‍ പുതുപ്പണം അരവിന്ദ് ലോഡ്ജിന് സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായി. സമീപത്തെ ഒരു വീട് അപകടഭീഷണിയിലായതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞു. പൂന്തുറ സ്വദേശി ലിജോണിന്റെ ഉടമസ്ഥതയിലുള്ള ജപമാല രാജ്ഞി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ വീണ തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ വാടക വള്ളത്തിലെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.

കനത്ത മഴയില്‍ കാസര്‍ഗോഡ് കീഴൂര്‍ കടപ്പുറത്ത് ശാരികയുടെ വീട് തകര്‍ന്നു. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്റെ മേല്‍ക്കൂരയും ശക്തമായ മഴയില്‍ തകര്‍ന്നു. ഓടുകള്‍ ഇളകി താഴേക്ക് വീണെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റില്ല.

കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപം മരം ഒടിഞ്ഞുവീണും അപകടമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment