Friday, July 17, 2026
Kerala News

വിഴിഞ്ഞം തുറമുഖം: അദാനിയുടെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി വേണം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം: അദാനിയുടെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി വേണം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി




വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇതുവരെ ഓഹരി വില്‍പ്പന സംബന്ധിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണം 2028-ഓടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി പോര്‍ട്‌സിന്റെ 49 ശതമാനം ഓഹരി ആഗോള ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി (MSC)യുടെ ഉപസ്ഥാപനമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന് (TiL) കൈമാറുന്ന നടപടിയാണ് പുരോഗമിക്കുന്നത്. ഏകദേശം 27,000 കോടി രൂപയുടെ രണ്ടാംഘട്ട വികസന പദ്ധതിയില്‍ എം.എസ്.സി നിക്ഷേപിക്കുന്നത് ഏകദേശം 13,000 കോടി രൂപയാണ്. രാജ്യത്തെ തുറമുഖ അടിസ്ഥാനസൗകര്യ വികസന രംഗത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയില്‍ എം.എസ്.സിയുടെ ഉപകമ്പനിയായ TiL നിക്ഷേപിക്കുന്നത് 1.397 ബില്യണ്‍ യുഎസ് ഡോളറാണ്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 13,000 കോടി രൂപ വരും.

അതേസമയം, BOT (Build-Operate-Transfer) കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് തുറമുഖം നടത്തിപ്പിനുള്ള അവകാശമുള്ള അദാനി പോര്‍ട്‌സിന് 49 ശതമാനം വരെ ഓഹരി വില്‍ക്കാന്‍ വ്യവസ്ഥയുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.സിയുടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment