Friday, July 17, 2026
Kerala News

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു: വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു: വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായ രീതിയില്‍ താഴ്ന്നതോടെ സംസ്ഥാനത്തെ വൈദ്യുതോല്പാദനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ 44 അടി കുറവ് വെള്ളം മാത്രമാണ് ഡാമിലുള്ളത്. വരും ദിവസങ്ങളില്‍ കാലവര്‍ഷം കനത്തില്ലെങ്കില്‍ മൂലമറ്റത്തെ വൈദ്യുതോല്പാദനം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

നിലവില്‍ ഇടുക്കി ഡാമിന്റെ ആകെ സംഭരണശേഷിയുടെ വെറും 23 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇടുക്കിയില്‍ ആകെ ലഭിച്ചത് 342 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ഈ കുറഞ്ഞ മഴ കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ അണക്കെട്ടിലെ ജലനിരപ്പില്‍ നാലടിയുടെ വര്‍ദ്ധനവ് മാത്രമാണുണ്ടായത്. ജലനിരപ്പ് ഇനിയും താഴ്ന്ന് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴേക്ക് പോയാല്‍ മൂലമറ്റത്തെ വൈദ്യുതോല്പാദനം പൂര്‍ണ്ണമായി നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്പാദനത്തിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് വരെ ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത്, നിലവില്‍ ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഇടുക്കിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ചെറുഡാമുകളിലും സമാനമായ രീതിയില്‍ ജലനിരപ്പ് കുറവാണ്.

ഈ പ്രതിസന്ധി മറികടക്കാന്‍ പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി.ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അനുമതിയുള്ളത്. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വരാനിരിക്കുന്ന വൈദ്യുതി ലഭ്യതയുടെ കണക്കുകളും വിശദമായി പരിശോധിച്ച ശേഷമാണ് റെഗുലേറ്ററി കമ്മിഷന്‍ ഈ അടിയന്തര അനുമതി നല്‍കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment