Friday, July 17, 2026
Kerala News

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവില്ല; അമിത വെളിച്ചവും ശബ്ദവും അനുവദിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവില്ല; അമിത വെളിച്ചവും ശബ്ദവും അനുവദിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍



തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച നിലവിലെ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ നിന്ന് അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഒരിക്കലും അനുവദിക്കാനാകില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അപകടസാധ്യത സൃഷ്ടിക്കാത്ത കളര്‍ കോഡുകളോ സാധാരണ ഫിറ്റിംഗുകളോ പ്രശ്‌നമല്ലെന്നും, എന്നാല്‍ വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളാണ് ബാധകമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വാഹനങ്ങളില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് നിലവിലുള്ളത്. അനധികൃത മോഡിഫിക്കേഷന്‍ നടത്തിയാല്‍ പിഴ ചുമത്തുന്നതിനൊപ്പം വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം പോലും നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്.

അതേസമയം, മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടും പരിഗണനയിലാണ്. നിയമപരമായ തടസങ്ങളില്ലാത്ത 18 തരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ എന്നിവയ്‌ക്കൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് ക്യാമറ, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയര്‍, 50 ശതമാനം ദൃശ്യപരത നിലനിര്‍ത്തുന്ന സണ്‍ ഫിലിം എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തില്‍ അന്തിമ തീരുമാനത്തിനായി വിദഗ്ധ സമിതിയുടെ പഠനവും തുടര്‍ നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment