Friday, July 17, 2026
Kerala News

കോഴിക്കോട് കവാസാക്കി രോഗം; ഒമ്പത് വയസ്സുകാരി മരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്  കവാസാക്കി രോഗം; ഒമ്പത് വയസ്സുകാരി മരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്



കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കുട്ടികളില്‍ അപൂര്‍വമായി കണ്ടുവരുന്ന കവാസാക്കി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കടലൂര്‍ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി ആയിഷ ഹെല്‍നയുടെ മരണം കവാസാക്കി രോഗം മൂലമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചു. രോഗം പകര്‍ച്ചവ്യാധിയല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കവാസാക്കിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കവാസാക്കി രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതല്ലെന്നും അതിനാല്‍ പ്രത്യേക നിയന്ത്രണങ്ങളോ മുന്നറിയിപ്പുകളോ ആവശ്യമില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുട്ടികളില്‍ അഞ്ചു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

പനിക്ക് പുറമെ ജലദോഷം, വയറിളക്കം, നാവും കണ്ണുകളും ചുവന്നുപോകുക, കഴുത്തില്‍ വീക്കം, ശരീരത്തില്‍ നീര്‍ക്കെട്ട് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെയോ മറ്റ് പ്രത്യേക പരിശോധനകളിലൂടെയോ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും രോഗലക്ഷണങ്ങള്‍ വിലയിരുത്തിയാണ് രോഗനിര്‍ണയം നടത്തുന്നതെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ചികിത്സ വൈകിയാല്‍ ഹൃദയധമനികളെ ബാധിക്കുന്ന ഗുരുതര സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഒരു ഹൗസ് സര്‍ജന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ഥികളടക്കമുള്ള സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment