Friday, July 17, 2026
Kerala News

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:   ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അഞ്ച് മണിക്കൂറിലധികം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍. ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്തു. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അടിയന്തര നടപടി. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഇ. ജയതിലക് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ യാത്ര തടസ്സപ്പെട്ടതിനെക്കുറിച്ച് കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നേരത്തെ ജീവനക്കാരുടെ യോഗം വിളിച്ച് വിശദീകരണം തേടിയിരുന്നു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍ഡിഗോ കമ്പനിയെ ഇമെയില്‍ വഴിയും വിമാനത്താവളത്തില്‍ എത്തിയ ശേഷം വാക്കാലും അറിയിച്ചിരുന്നു എന്നാണ് സസ്പെന്‍ഷനിലായ പ്രോട്ടോക്കോള്‍ ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നും അങ്ങനെയൊരു ഇമെയില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കിയത്.

യാത്രാവിവരങ്ങള്‍ ഇന്‍ഡിഗോയ്ക്ക് അയച്ചെന്ന് അവകാശപ്പെടുമ്പോഴും, അത് കമ്പനിക്ക് ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നതില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായതായി എ.ആര്‍.സി അശ്വതി ശ്രീനിവാസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെപ്പോലെയുള്ള ഒരു വി.ഐ.പിയുടെ യാത്ര കൈകാര്യം ചെയ്യുന്നതില്‍ വരുത്തിയ ഈ അനാസ്ഥയാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്. സംഭവത്തില്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറും.







Related News

Comments

No comments yet. Be the first to comment!

Leave a Comment