Friday, July 17, 2026
Kerala News

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: പ്രത്യേക അന്വേഷണ സംഘത്തില്‍ കൂടുതലും സിപിഎം അനുകൂല പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: പ്രത്യേക അന്വേഷണ സംഘത്തില്‍ കൂടുതലും സിപിഎം അനുകൂല പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ (SIT) വ്യാപകമായി ഇടത് അനുകൂല പൊലീസ് ഉദ്യോഗസ്ഥരെ തിരുകിക്കയറ്റിയതായി ആക്ഷേപം. കോഴിക്കോട് റൂറല്‍ എസ്.പി പൂര്‍ണ്ണമായും സിപിഎം സഹയാത്രികരെയാണ് സംഘത്തില്‍ കുത്തിനിറച്ചിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. ദുല്‍ഖിഫില്‍ വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

അന്വേഷണ സംഘത്തിലെ പ്രധാന അംഗമായ വടകര സി.ഐ ദിനേശ് എ.വി വ്യക്തമായ സിപിഎം സഹയാത്രികനാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. ചാനിയം കടവില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമം നടത്തിയെന്ന പരാതി നേരിടുന്ന എസ്.ഐ രഞ്ജിത്തും ഈ പ്രത്യേക സംഘത്തിലുണ്ട്. കൂടാതെ, പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് വള്ള്യാട്ട് ഉള്‍പ്പെടെ എസ്‌ഐടിയിലെ ഭൂരിഭാഗം പേരും ഇടത് ആഭിമുഖ്യമുള്ളവരാണെന്നും ഇത് അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും യുഡിഎഫ് ആരോപിക്കുന്നു.

അതേസമയം, വിവാദങ്ങള്‍ക്കിടയിലും കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് വടകര റൂറല്‍ എസ്.പി ഓഫീസില്‍ ചേര്‍ന്നു. കോഴിക്കോട് റൂറല്‍ എസ്.പി ഫറാഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരന്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ കേസിന്റെ നിലവിലെ അവസ്ഥയും തുടര്‍നടപടികളും വിലയിരുത്തി. കടുത്ത രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഈ കേസ് വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്നുറപ്പാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment