സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തില്‍ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി പറയുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ആവശ്യത്തിന് വിളിച്ചാല്‍ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നു.
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാര്‍ട്ടി നേതൃത്വം തങ്ങളെ പൂര്‍ണമായു കൈയൊഴിഞ്ഞ അവസ്ഥയിലാണെന്ന് വിനോദിനി പറയുന്നു. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണന കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വിനോദിനി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
വിനോദിനിയുടെ അഭിമുഖത്തില്‍ നിന്ന്
മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍നിന്ന് പിന്നെയാരും ബന്ധപ്പെട്ടിട്ടില്ല. നീ ഓക്കെയാണോ ഞങ്ങളൊക്കെക്കൂടെയുണ്ട് എന്നുപോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതു മാറിയോ? പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍വേണ്ടി-ശുപാര്‍ശയ്‌ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല.
വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലു വര്‍ഷത്തിനിടയില്‍ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്. ഇത് എന്റെ മാത്രം അനുഭവമായിരിക്കുമോ അതോ എല്ലാ രംഗത്തും ഒരു സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ ആരുമില്ലാതാവുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നതാണോ?
വിജയേട്ടന്‍(പിണറായി വിജയന്‍)വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അപ്പോള്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണ്. ഞാന്‍ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിനുശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനുപുറം ഈ നാലുവര്‍ഷത്തിനിടയില്‍ അദ്ദേഹം ഒരിക്കലും എന്നെ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയില്‍ വല്ലപ്പോഴും ഞാന്‍ അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല.
എന്നും ഈ പാര്‍ട്ടിയുടെ ആളായിത്തന്നെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നുവെച്ച് എനിക്ക് തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കാനും കഴിയില്ല. അനാവശ്യമായ വിധേയത്വവും എനിക്കില്ല. ഒരു കാര്യവുമില്ലാതെ വെറുപ്പ് മനസ്സിലുണ്ടാക്കി എതിരാളിയെ കൃത്രിമമായി സൃഷ്ടിച്ച് ജീവിക്കാനും എനിക്ക് കഴിയില്ല. പറയേണ്ട കാര്യങ്ങള്‍ ഏതു വേദിയിലായാലും ഒരു വ്യക്തിക്കു പറയാന്‍ പറ്റണം.
Comments
No comments yet. Be the first to comment!
Leave a Comment