Friday, July 17, 2026
Kerala News

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ടി.കെ. ഗോവിന്ദന്റെ വിമര്‍ശനം

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ടി.കെ. ഗോവിന്ദന്റെ വിമര്‍ശനം



കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സിപിഐഎം നേതാവും തളിപ്പറമ്പ് എംഎല്‍എയുമായ ടി.കെ. ഗോവിന്ദന്‍. പാര്‍ട്ടിക്കെതിരായ വോട്ടുകളില്‍ വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാരുടേതാണെന്നും നേതൃത്വത്തിന്റെ സമീപനത്തോടുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന് അന്ധത ബാധിച്ച നേതൃത്വമാണ് ഉണ്ടായിരുന്നതെന്ന് ആരോപിച്ച ടി.കെ. ഗോവിന്ദന്‍, താഴെത്തട്ടില്‍ നിന്നുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും അതാണ് പരാജയത്തിന് പ്രധാന കാരണമെന്നും വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു തിരിച്ചടി നേരിട്ടതെന്ന് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും യഥാര്‍ഥ പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം പഴയ രീതിയിലുള്ള ന്യായീകരണങ്ങളാണ് പാര്‍ട്ടി നേതൃത്വം തുടരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരും തളിപ്പറമ്പും ഉള്‍പ്പെടെ ഇടതുപക്ഷം പരാജയപ്പെട്ടത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളില്‍ നിന്നുള്ള നിര്‍ദേശങ്ങളും ന്യൂനപക്ഷ വര്‍ഗീയതയുമാണ് പരാജയത്തിന് കാരണമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment