Friday, July 17, 2026
Kerala News

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ

കാലവര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനമേര്‍പ്പെടുത്തി. രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഔദ്യോഗിക ഉത്തരവിറക്കി. കാലവര്‍ഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഈ നിയന്ത്രണം തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചിട്ടുള്ളത്.

രണ്ട് ആക്സിലില്‍ കൂടുതലുള്ള ട്രക്കുകള്‍, ലോറികള്‍, ടാങ്കറുകള്‍, ട്രെയിലറുകള്‍, കണ്ടെയ്‌നര്‍ വാഹനങ്ങള്‍, മറ്റ് വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവയ്ക്കാണ് നിശ്ചിത സമയങ്ങളില്‍ ചുരത്തിലൂടെ കടന്നുപോകാന്‍ അനുമതിയില്ലാത്തത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിനായി ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളില്‍ വയനാട് പൊലീസുമായി സഹകരിച്ച് 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.

യാത്രാ ദുരിതം ഒഴിവാക്കുന്നതിനായി അവശ്യ സര്‍വീസുകളെയും ചെറിയ വാഹനങ്ങളെയും ഈ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, കാറുകള്‍, ജീപ്പുകള്‍, ടാക്‌സികള്‍ തുടങ്ങിയ ചെറിയ മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല. കൂടാതെ ആംബുലന്‍സുകള്‍, മറ്റ് അടിയന്തര മെഡിക്കല്‍ വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ദുരന്തനിവാരണ സേനകള്‍, സായുധ സേനകള്‍, കേന്ദ്ര പാരാമിലിട്ടറി, കേരള പൊലീസ് എന്നിവരുടെ വാഹനങ്ങള്‍ക്കും ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്കും ചുരത്തിലൂടെ കടന്നുപോകാം.


Related News

Comments

No comments yet. Be the first to comment!

Leave a Comment