Friday, July 17, 2026
Kerala News

മിഠായി വിതരണ വിവാദം; വി. മുരളീധരന്‍ കുട്ടികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി

മിഠായി വിതരണ വിവാദം; വി. മുരളീധരന്‍ കുട്ടികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി


തിരുവനന്തപുരം: പ്രവേശനോത്സവ ചടങ്ങിനിടെ മിഠായി വിതരണം ചെയ്ത രീതിയെ ചൊല്ലി കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കട്ടേല ട്രൈബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ കുട്ടികളുടെ കൈകളില്‍ നേരിട്ട് നല്‍കാതെ മേശപ്പുറത്ത് മിഠായി ഇട്ടുകൊടുത്ത സംഭവമാണ് വിവാദമായത്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളോട് പരസ്യമായി മാപ്പ് പറയുകയും അവരുടെ കൈകളില്‍ നേരിട്ട് മിഠായി നല്‍കുകയും വേണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. മിഠായിക്ക് പകരം പായസമായിരുന്നെങ്കില്‍ അതും മേശപ്പുറത്ത് ഒഴിച്ചുകൊടുക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച ശിവന്‍കുട്ടി, സംഭവം തടയാനോ തിരുത്താനോ വിദ്യാഭ്യാസമന്ത്രി തുളസി തയ്യാറാകാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് വിമര്‍ശിച്ചു.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ സമീപനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും കുട്ടികള്‍ക്ക് മാതൃകയാകേണ്ട പൊതുപ്രവര്‍ത്തകര്‍ ഇത്തരം പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment