Friday, July 17, 2026
India News

പുനര്‍മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി

പുനര്‍മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി

തിരുവനന്തപുരം: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയത്തിനുള്ള (Revaluation) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒടുവില്‍ പ്രവര്‍ത്തനക്ഷമമായി. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ വീഡിയോയും സിബിഎസ്ഇ ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഈ മാസം 6-ാം തീയതി വരെയാണ് പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പോര്‍ട്ടലില്‍ നേരിട്ട കടുത്ത സാങ്കേതിക പ്രശ്‌നങ്ങള്‍ തങ്ങളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വലഞ്ഞത്.

പോര്‍ട്ടലിലെ ഗുരുതരമായ വീഴ്ചകളും സിബിഎസ്ഇയുടെ പുതിയ പരീക്ഷാ പരിഷ്‌കാരങ്ങളിലെ പോരായ്മകളും വിദ്യാഭ്യാസ കാര്യങ്ങള്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതി ഇന്ന് അടിയന്തരമായി പരിശോധിക്കും. വെബ്‌സൈറ്റ് തകരാറിലായ സംഭവത്തില്‍ വീഴ്ചവരുത്തിയ ഐടി വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടെന്‍ഡര്‍ പ്രക്രിയയിലെ ക്രമക്കേടുകളും പോര്‍ട്ടല്‍ നിര്‍മ്മാണത്തിലെ പോരായ്മകളും സംബന്ധിച്ച് സിബിഎസ്ഇയോട് മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ഇതുവരെ സിബിഎസ്ഇ നല്‍കിയ വിശദീകരണങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളും സിബിഎസ്ഇ പോര്‍ട്ടല്‍ വിവാദവും കനക്കുന്ന പശ്ചാത്തലത്തില്‍, പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചു. ഈ വീഴ്ചകളെക്കുറിച്ച് സിബിഎസ്ഇയിലെയും എന്‍ടിഎയിലെയും ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് വിശദവിവരങ്ങള്‍ തേടുമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. പ്ലസ്ടു പരീക്ഷ എഴുതിയ പതിനെട്ട് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കിയ നടപടിയാണ് സിബിഎസ്ഇയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് സമിതി.

തുടര്‍ച്ചയായുണ്ടാകുന്ന പരീക്ഷാ പ്രതിസന്ധികളിലും സാങ്കേതിക പാളിച്ചകളിലും കടുത്ത നിലപാടിലേക്ക് കടക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്ക് എതിരെയും, സുതാര്യമല്ലാത്ത ടെന്‍ഡര്‍ നടപടികള്‍ക്ക് എതിരെയും മാതൃകാപരമായ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. ഇതോടെ പാര്‍ലമെന്ററി സമിതിയുടെ ഇന്നത്തെ യോഗം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വലിയ അഴിച്ചുപണികള്‍ക്ക് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment