തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനുമാണ് മത്സരരംഗത്തുള്ളത്. സഭയില്‍ 102 അംഗങ്ങളുടെ പിന്തുണയുള്ള ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കാനാണ് സാധ്യതയേറുന്നത്. വോട്ടെടുപ്പിന് ശേഷം പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.
ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ഇന്ന് സഭയില്‍ തുടക്കമാകും. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉടനീളം ഉയര്‍ന്നു വരുമെന്നാണ് സൂചന. പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, വന്ദേമാതരം വിവാദം എന്നിവ പ്രതിപക്ഷം സഭയില്‍ സജീവമായി ഉന്നയിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍, ആര്‍എസ്എസിന് മുന്നില്‍ പൂര്‍ണമായി വഴിപ്പെട്ടു എന്ന ആരോപണമാകും പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തുക.
തൃശൂര്‍ പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷം ഒരുങ്ങുന്നത്. പ്രധാനപ്പെട്ട സമകാലിക വിഷയങ്ങള്‍ അടിയന്തര പ്രമേയമായി സഭയില്‍ കൊണ്ടുവരാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള ആദ്യ സഭാ സമ്മേളനമായതിനാല്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.
നന്ദിപ്രമേയ ചര്‍ച്ചയില്‍ മറ്റന്നാള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സംസാരിക്കും. സഭയില്‍ ഉയര്‍ന്നുവന്ന എല്ലാ ചര്‍ച്ചകള്‍ക്കും മുഖ്യമന്ത്രി വി.ഡി. സതീശന്‍ മറുപടി നല്‍കും. മുന്നണി മാറ്റങ്ങള്‍ക്ക് ശേഷം സഭയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും നിയമസഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
Comments
No comments yet. Be the first to comment!
Leave a Comment