കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തീരുമാനം. വീണയുടെ പേരിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ.ഡി പരിശോധിക്കുക. കേസിന്റെ ഭാഗമായി ഈ ലോക്കറുള്ള ബാങ്ക് അക്കൗണ്ട് നേരത്തെ തന്നെ ഇ.ഡി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടില്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം, ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലില്‍ അന്തിമ വിധി വരുന്നത് വരെ ചോദ്യം ചെയ്യലും പരിശോധനയും അടക്കമുള്ള തുടനടപടികള്‍ വിലക്കണമെന്നും, ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് സിഎംആര്‍എല്ലിന്റെ ആവശ്യം. എന്നാല്‍, കോടതിയില്‍ സിഎംആര്‍എല്ലിന്റെ ഈ അപ്പീലിനെ ശക്തമായി എതിര്‍ക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഇ.ഡി വ്യക്തമാക്കുന്നു.
സമീപദിവസങ്ങളില്‍ സിഎംആര്‍എല്‍ ഓഫീസുകളിലും വീണയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ലോക്കര്‍ തുറക്കാനുള്ള തീരുമാനത്തിലേക്ക് ഇ.ഡി എത്തിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണയെ നേരിട്ട് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഇ.ഡി ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റില്‍ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണയ്ക്ക് നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment