Friday, July 17, 2026
Kerala News

പൂണെയില്‍ വിഷമദ്യ ദുരന്തം; 15 മരണം, നിരവധി പേര്‍ ചികിത്സയില്‍

പൂണെയില്‍ വിഷമദ്യ ദുരന്തം; 15 മരണം, നിരവധി പേര്‍ ചികിത്സയില്‍



മുംബൈ: മഹാരാഷ്ട്രയിലെ പൂണെയില്‍ ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യം നിര്‍മിച്ച് വിതരണം ചെയ്ത പ്രധാന പ്രതിയെ പൊലീസ് പിടികൂടി.

30 മുതല്‍ 60 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. യോഗേഷ് വാങ്കടെ എന്നയാളാണ് പ്രദേശത്ത് വ്യാജമദ്യം വിതരണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ആകെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് യോഗേഷ് വാങ്കടെയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും രക്തസാമ്പിളുകളും പിടിച്ചെടുത്ത മദ്യസാമ്പിളുകളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, വ്യാജമദ്യ വിതരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് രോഹിത് പവാര്‍ ആരോപിച്ചു. പൂനെ സിറ്റി പൊലീസ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment