Friday, July 17, 2026
India News

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ദ് ഗഹലോട്ട് അംഗീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതും രാജി സ്വീകരിച്ചതും. ഇതോടെ കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമായിരിക്കുകയാണ്. അതേസമയം, ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുള്ള സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തിരിച്ചെത്തിയ ശേഷമേ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരൂ. നാളെയോടെ യോഗം ചേരാന്‍ കഴിഞ്ഞാല്‍ വരും തിങ്കളാഴ്ച പുതിയ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ പുനഃസംഘടന.

ഡല്‍ഹിയില്‍ തുടരുന്ന സിദ്ധരാമയ്യ ഇന്ന് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തന്റെ ആശങ്കകള്‍ പങ്കുവെക്കും. മന്ത്രി കെ ജെ ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറണമെന്ന ഹൈക്കമാന്‍ഡ് ആവശ്യം സിദ്ധരാമയ്യ ഇന്നലെ നിരസിച്ചിരുന്നു. കര്‍ണാടക സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരണമെന്നും, തന്റെ മകനെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹം മുന്നോട്ട് വെച്ചിട്ടുള്ള പ്രധാന ഉപാധി. കൂടാതെ, പുതിയ സര്‍ക്കാരില്‍ പത്തിലധികം മന്ത്രിമാര്‍ തന്റെ പക്ഷത്തുനിന്നുള്ളവരായിരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ മറ്റ് സമ്മര്‍ദ്ദങ്ങളും ശക്തമാണ്. മൂന്ന് തവണയില്‍ കൂടുതല്‍ എംഎല്‍എമാരായ മുതിര്‍ന്ന നേതാക്കളെ മാത്രമേ പുതിയ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമേ, നിലവില്‍ ഡി കെ ശിവകുമാര്‍ വഹിക്കുന്ന കെപിസിസി അധ്യക്ഷ സ്ഥാനം തന്റെ വിശ്വസ്തനായ സതീഷ് ജര്‍ക്കഹോളിക്ക് നല്‍കണമെന്ന ആവശ്യവും സിദ്ധരാമയ്യ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചേക്കും. ഈ ഉപാധികളിലെല്ലാം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനമുണ്ടാകും.

തനിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ നീക്കങ്ങളില്‍ സിദ്ധരാമയ്യ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. തന്നെ വ്യക്തിഹത്യ ചെയ്യാനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും പലരും ശ്രമിച്ചുവെന്ന് അദ്ദേഹം ഇന്നലെ ആരോപിച്ചു. എന്നാല്‍ താന്‍ മുന്നോട്ട് വെച്ച ലക്ഷ്യങ്ങളില്‍ നിന്നോ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നോ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഭരണകാലയളവില്‍ നല്‍കിയ 550 വാഗ്ദാനങ്ങളില്‍ 300 എണ്ണവും നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്നും, രണ്ട് തവണ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരോട് നന്ദി പറയുന്നതായും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.














Related News

Comments

No comments yet. Be the first to comment!

Leave a Comment