Friday, July 17, 2026
Kerala News

ഇഡി റെയ്ഡ് ബി.ജെ.പി-സി.പി.ഐ.എം ഡീല്‍ നാടകമെന്ന് സന്ദീപ് വാര്യര്‍

ഇഡി റെയ്ഡ് ബി.ജെ.പി-സി.പി.ഐ.എം ഡീല്‍ നാടകമെന്ന് സന്ദീപ് വാര്യര്‍


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ സന്ദീപ് വാര്യര്‍. ബി.ജെ.പി സര്‍ക്കാരും സി.പി.ഐ.എമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്ത രാഷ്ട്രീയ നാടകമാണ് റെയ്‌ഡെന്നാരോപിച്ചാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ നേരിട്ട് പ്രതിസന്ധിയിലായിരുന്ന പിണറായി വിജയന് രാഷ്ട്രീയമായി കരകയറാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിക്കൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. കൃത്യസമയത്ത് ഇഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ തകര്‍ന്നുനിന്ന പിണറായിക്ക് പാര്‍ട്ടിയെ മുഴുവന്‍ പിന്നില്‍ അണിനിരത്താനുള്ള അവസരം ബിജെപി ഒരുക്കി എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പിണറായി വിജയന്റെ കേന്ദ്രങ്ങളിലും സി.പി.ഐ.എം ഓഫീസുകളിലും കേന്ദ്രസേനയെ വിന്യസിച്ച് നടത്തിയ പരിശോധനകള്‍ വെറും തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ വേട്ടയാടപ്പെടുന്നു എന്ന വികാരം വീണ്ടും സൃഷ്ടിക്കാനും പിണറായിയുടെ നേതൃസ്ഥാനം ഉറപ്പിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നുമാണ് ആരോപണം.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാകില്ലെന്നും കേരളം ഈ രാഷ്ട്രീയ അന്തര്‍ധാര തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment