Saturday, July 18, 2026
Kerala News

ഇന്ധനവില വര്‍ധന: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യം

ഇന്ധനവില വര്‍ധന:  സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍;   ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യം

കോഴിക്കോട്: അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയില്‍. രണ്ടാഴ്ചയ്ക്കിടെ നാലുതവണയായി ഡീസലിന് എട്ട് രൂപയോളം വില വര്‍ധിച്ചതോടെ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെക്കേണ്ട സാഹചര്യമാണുള്ളതെന്ന് ബസ് ഉടമകളും ജീവനക്കാരും ആശങ്കപ്പെടുന്നു. നിത്യേനയുള്ള കലക്ഷന്‍ കുറവ്, വര്‍ധിച്ച മെയിന്റനന്‍സ് ചെലവുകള്‍, ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം, ഭാരിച്ച റോഡ് ടാക്‌സ് എന്നിവ കാരണം നേരത്തെ തന്നെ വലിയ നഷ്ടത്തിലായിരുന്ന ഈ മേഖലയ്ക്ക് പുതിയ ഇന്ധനവില വര്‍ധനവ് ഇരട്ടി പ്രഹരമായിരിക്കുകയാണ്.

പ്രതിസന്ധി രൂക്ഷമായതോടെ മുന്‍കാലങ്ങളില്‍ 32,000-ത്തോളം സ്വകാര്യ ബസുകളുണ്ടായിരുന്ന കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത് എട്ടായിരത്തില്‍ താഴെ ബസുകള്‍ മാത്രമാണ്. ഭീമമായ നഷ്ടം താങ്ങാനാവാതെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളെല്ലാം തന്നെ തങ്ങളുടെ ബസുകള്‍ വിറ്റഴിച്ച് ഈ രംഗത്തുനിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. ഒരു ബസ് ഒരു ദിവസം ശരാശരി 300 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നതിന് 100 ലിറ്ററോളം ഡീസല്‍ ആവശ്യമാണ്. നിലവിലെ വിലവര്‍ധനവ് അനുസരിച്ച് ഓരോ ബസിനും പ്രതിദിനം ആയിരം രൂപയോളം അധിക ചെലവാണ് വരുന്നത്.

ഈ സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇറാഖ്-കുവൈറ്റ് യുദ്ധകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കൂടിയപ്പോള്‍ രാജ്യത്ത് ഡീസല്‍ വില നിയന്ത്രിക്കാനായി തീരുവ ഒഴിവാക്കുകയും പെട്രോളിയം കമ്പനികള്‍ സബ്‌സിഡി നല്‍കുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുവ ഒഴിവാക്കിയും സബ്‌സിഡി നല്‍കിയും ഇന്ധനവില നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രധാന ആവശ്യം.


Related News

Comments

No comments yet. Be the first to comment!

Leave a Comment