Saturday, July 18, 2026
Kerala News

തിരുവനന്തപുരത്തെ എസ്എഫ്‌ഐ - കെഎസ്യു സംഘര്‍ഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്

തിരുവനന്തപുരത്തെ എസ്എഫ്‌ഐ - കെഎസ്യു സംഘര്‍ഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്ത് ഉണ്ടായ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. പാളയത്ത് തിങ്കളാഴ്ച രാത്രിയോടെയാണ് ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ കനത്ത സംഘർഷമുണ്ടായത്. സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ വോട്ടെണ്ണലിനിടെ ആരംഭിച്ച വാക്കുതർക്കമാണ് പിന്നീട് തെരുവിലേക്ക് പടർന്നതും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതും.

ആഹ്ലാദ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രവർത്തകർ പരസ്പരം കല്ലെറിയുകയും കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ക്രമസമാധാന നില തകർന്നതോടെ പൊലീസ് രണ്ടുതവണ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ ഒടുവിൽ സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചു മാറ്റിയത്.

സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈയൊടിയുന്നത് ഉൾപ്പെടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും നിരവധി വിദ്യാർത്ഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. അതേസമയം, പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്‌യു പ്രവർത്തകരുടെ അക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്നും എ എ റഹീം ആരോപിച്ചപ്പോൾ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം ആക്രമിച്ചതായി പൊലീസും വ്യക്തമാക്കി.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 37-ൽ 35 സീറ്റുകളും നേടിയാണ് എസ്എഫ്ഐ വൻ വിജയം കൈവരിച്ചത്. ശിവ എസ് ആണ് പുതിയ യൂണിയൻ ചെയർമാൻ. രക്തസാക്ഷി ധീരജിന്റെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനം. ഒരു വൈസ് ചെയർപേഴ്സൺ സ്ഥാനമടക്കം രണ്ട് സീറ്റുകളിലാണ് കെഎസ്‌യു വിജയിച്ചത്. ഈ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിലും കെഎസ്‌യു അക്രമത്തിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment