Saturday, July 18, 2026
Kerala News

സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചിത്വവും ചികിത്സാ നിലവാരവും ഉറപ്പാക്കും: ആരോഗ്യമന്ത്രി

 സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചിത്വവും ചികിത്സാ നിലവാരവും ഉറപ്പാക്കും: ആരോഗ്യമന്ത്രി


സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കുകയും സര്‍ജറികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതുവരെ ആരോഗ്യ മേഖലയിലെ സാഹചര്യം എങ്ങനെയായിരുന്നു എന്നതല്ല, ഇനി എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന ചര്‍ച്ചയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മരുന്ന് ലഭിക്കാതെ രോഗികള്‍ ബുദ്ധിമുട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ജറി പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില മാധ്യമങ്ങളില്‍ വന്ന ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്തകള്‍ ഉത്തരവാദിത്വത്തോടെയും സത്യസന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും, രോഗി മറ്റെവിടെയെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കൂടുതല്‍ അന്വേഷണം നടത്താന്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment