അട്ടപ്പാടി മധുക്കൊലപാതക കേസില്‍ ഒന്നാം പ്രതിയായ ഹുസൈനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് പ്രതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അപ്പീലുകളില്‍ വിധി പ്രസ്താവിച്ചത്.
കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഒന്നാം പ്രതിയായ ഹുസൈനെ കോടതി വെറുതെവിട്ടു.
കേസില്‍ 13 പ്രതികള്‍ക്ക് മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റത്തിന് ഏഴ് വര്‍ഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. പതിനാറാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ലഭിച്ചത്. ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കി ഇയാള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷ ഹൈക്കോടതി നേരത്തെ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ വിധിയോടെ ഹുസൈന്‍ പൂര്‍ണമായും കുറ്റവിമുക്തനായി.
2018 ഫെബ്രുവരി 22നാണ് പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27 കാരനായ മകന്‍ മധു കൊല്ലപ്പെട്ടത്. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മധു പിന്നീട് മരണത്തിന് കീഴടങ്ങി. രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമായിരുന്നു മധുവിന്റെ കൊലപാതകം.
Comments
No comments yet. Be the first to comment!
Leave a Comment