Saturday, July 18, 2026
Kerala News

മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം

മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മലങ്കര ജലാശയ ടൂറിസം പദ്ധതിയുടെ കരാര്‍ നടപടികളില്‍ 112 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആറാം നാള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല നല്‍കിയിരിക്കുന്നത്. മുട്ടം സ്വദേശിയായ ബേബി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

എഫ്എസ്‌ഐടി റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പദ്ധതിയുടെ കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതി നടന്നു എന്നാണ് പ്രധാന ആരോപണം. മലങ്കര ജലാശയം 30 വര്‍ഷത്തേക്ക് ഈ സ്വകാര്യ ഏജന്‍സിക്ക് പാട്ടത്തിന് നല്‍കിയെന്നും, ഇതിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വെറും 3.5 ശതമാനം മാത്രം സര്‍ക്കാരിനും ബാക്കി 96.5 ശതമാനവും സ്വകാര്യ കമ്പനിക്കും ലഭിക്കുന്ന രീതിയിലാണ് പാട്ടക്കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ടെന്‍ഡര്‍ വിളിച്ചതിന് ശേഷം മാത്രം രൂപീകരിക്കപ്പെട്ട ഒരു കടലാസ് കമ്പനിയാണ് ഇതെന്നും, ഒരു കമ്പനി മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെങ്കിലും റീ-ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. കൂടാതെ സംസ്ഥാനത്തെ മറ്റ് പല ജലാശയ ടൂറിസം പദ്ധതികളുടെയും കരാര്‍ ഇതേ കമ്പനിക്ക് തന്നെയാണ് നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിട്ടുണ്ട്. മലങ്കര ടൂറിസം പദ്ധതിയുടെ കരാര്‍ നടപടികള്‍ പൂര്‍ണ്ണമായും സുതാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രമുഖ പത്രമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ കൃത്യമായി പരസ്യം നല്‍കി ടെണ്ടര്‍ വിളിച്ചിരുന്നതായും, എന്നാല്‍ ഒരു കമ്പനി മാത്രമാണ് പങ്കടുക്കാന്‍ മുന്നോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നയപ്രകാരമുള്ള സുതാര്യമായ നടപടികള്‍ മാത്രമാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേസില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടമായി പരാതിക്കാരനായ ബേബി ജോസഫിന്റെ മൊഴി വിജിലന്‍സ് ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും മറ്റ് ഔദ്യോഗിക രേഖകളും വിശദമായി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്ത് മുന്‍ മന്ത്രിയെയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് വിജിലന്‍സ് കടക്കുമെന്നാണ് വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment