Saturday, July 18, 2026
Kerala News

പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു



തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. പ്രോ ടെം സ്പീക്കര്‍ ജി. സുധാകരന്‍ മുന്‍പാകെയായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുള്ള എംഎല്‍എമാരും എല്‍ഡിഎഫ് അംഗങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളും സഗൗരവ പ്രതിജ്ഞയായിരുന്നു എടുത്തത്.

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇ അബ്ദുള്‍ ഗഫൂര്‍ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നി എംഎല്‍എയായ അബ്ദുള്‍ ഗഫൂറിന്റെ സത്യപ്രതിജ്ഞയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം.

ആദ്യ അഞ്ച് എംഎല്‍എമാരും ഭരണപക്ഷ നിരയില്‍ നിന്നുള്ളവരായിരുന്നു. ആറാമതായി സത്യപ്രതിജ്ഞ ചെയ്തത് പുനലൂരില്‍ നിന്നുള്ള എല്‍ഡിഎഫ് അംഗം സി അജയപ്രസാദ് ആയിരുന്നു.

മൂന്ന് ബിജെപി അംഗങ്ങളില്‍ ചാത്തന്നൂരില്‍ നിന്നുള്ള ബി.ബി. ഗോപകുമാര്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ 83ാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ 105ാമതായും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ 133ാമതായും സത്യപ്രതിജ്ഞ ചെയ്തു. വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പൂര്‍ണനാമം ആവര്‍ത്തിച്ചായിരുന്നു വിഡി സതീശന്റെ പ്രതിജ്ഞ. മുഖ്യമന്ത്രി കയ്യടിയോടെയാണ് പിണറായി വിജയനെ സഭയില്‍ വരവേറ്റത്.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പിണറായി വിജയന്‍ പ്രോ ടെം സ്പീക്കര്‍ ജി. സുധാകരനെ ചേമ്പറില്‍ സന്ദര്‍ശിച്ചു. സീറ്റില്‍നിന്ന് എഴുന്നേറ്റ് ഹസ്തദാനം നല്‍കിയാണ് ജി. സുധാകരന്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

സിപിഐഎമ്മില്‍ കലാപക്കൊടി ഉയര്‍ത്തി തളിപ്പറമ്പില്‍ അട്ടിമറി വിജയം നേടിയ ടി.കെ. ഗോവിന്ദന്‍, പയ്യന്നൂരില്‍ നിന്നുള്ള വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സഗൗരവ പ്രതിജ്ഞയെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ പിണറായി വിജയനെ അഭിവാദ്യം ചെയ്തതും ശ്രദ്ധ നേടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment