തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎം പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയും വിമര്‍ശനവും ശക്തമാകുന്നു. വിവിധ ജില്ലകളിലെ കമ്മിറ്റി യോഗങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇടുക്കിയും ആലപ്പുഴയും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ തുറന്ന പ്രതിഷേധം പ്രകടമായി. ഉടുമ്പന്‍ചോലയില്‍ എം എം മണിയെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലൂടെ ആയിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാന്‍ മണിയെ മാറ്റിയത് തിരിച്ചടിയായെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു.
മറ്റു നേതാക്കള്‍ക്ക് രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയപ്പോഴും മണിയെ ഒഴിവാക്കിയതോടെ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതായും വിമര്‍ശനം ഉയര്‍ന്നു. ഉടുമ്പന്‍ചോലയിലെ തോല്‍വിക്ക് എസ്ഐആര്‍ ഘടകവും കാരണമായതായി ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതാണ് റോഷി അഗസ്റ്റിന്‍ന്റെ തോല്‍വിക്ക് വഴിവെച്ചതെന്നും, പീരുമേട്ടില്‍ ചില സിപിഐ നേതാക്കള്‍ പിന്തിരിഞ്ഞതായും ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഇതിനിടെ, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥത തുറന്നുകാട്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്ക് കണ്ണൂരിലെ സംഘടനാപരമായ പ്രശ്‌നങ്ങളാണ് പ്രധാന കാരണമെന്നായിരുന്നു വിമര്‍ശനം.
Comments
No comments yet. Be the first to comment!
Leave a Comment