Saturday, July 18, 2026
Kerala News

ഫാഷന്‍ ഷോയുടെ മറവില്‍ ദുബൈയിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്‍കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍

ഫാഷന്‍ ഷോയുടെ മറവില്‍ ദുബൈയിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്‍കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഫാഷന്‍ ഷോയുടെയും മോഡലിങ്ങിന്റെയും മറവില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒരു യുവതി കൂടി പോലീസിന്റെ പിടിയിലായി. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. കേസില്‍ നേരത്തെ മുഖ്യസൂത്രധാരികളായ അലീന, സിന്ധു എന്നീ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ജിമയുടെ അറസ്റ്റോടെ ഈ അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

മോഡലുകളെ വിദേശത്തേക്ക് ആകര്‍ഷിച്ച് കൊണ്ടുപോയി വന്‍തോതില്‍ മനുഷ്യക്കടത്തും കൂട്ടബലാത്സംഗവും നടത്താന്‍ ഈ സംഘം അന്താരാഷ്ട്ര തലത്തില്‍ വലിയ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രമുഖ ഫാഷന്‍ ഷോകളില്‍ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് മുഖ്യസൂത്രധാരിയായ അലീനയാണ് മോഡലുകളെ ദുബായിലേക്ക് റിക്രൂട്ട് ചെയ്തത്. ഇരകളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി പ്രമുഖ സെലിബ്രിറ്റികളെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങള്‍ വഴി ഇവര്‍ പരസ്യം നല്‍കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.

ഇത്തരത്തില്‍ വലയിലാകുന്ന യുവതികളെ നേരത്തെ പിടിയിലായ സിന്ധുവിന്റെ നേതൃത്വത്തിലാണ് ദുബായിലേക്ക് കടത്തിയിരുന്നത്. ദുബായിലെ ഫ്‌ലാറ്റുകളില്‍ എത്തിക്കുന്ന യുവതികള്‍ക്ക് അവിടെ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരപീഡനങ്ങളാണെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ബലമായി ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയുമായിരുന്നു പ്രതികളുടെ രീതി. തുടര്‍ന്ന് ഈ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതികളെ ദുബായിലെ വന്‍കിടക്കാര്‍ക്കും മറ്റിതര വ്യക്തികള്‍ക്കും മുന്നില്‍ കാഴ്ചവെക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശികളായ രണ്ട് പുരുഷന്മാര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തങ്ങളുടെ പ്രതികരണശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കിയാണ് പ്രതികള്‍ പീഡിപ്പിച്ചതെന്ന് കേസില്‍ പരാതി നല്‍കിയ യുവതി വെളിപ്പെടുത്തി. വിദേശത്ത് വലിയ ജോലി വാഗ്ദാനം ചെയ്ത് അലീനയും സിന്ധുവും ചേര്‍ന്നാണ് തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്നും ദുബായിലെ ഫ്‌ലാറ്റില്‍ എത്തിച്ച ഉടന്‍ തന്നെ സിന്ധു തന്റെ പാസ്പോര്‍ട്ടും ഫോണും ബലമായി പിടിച്ചുവെക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. അവിടെ തങ്ങളെ കൂടാതെ മറ്റ് എട്ടോളം യുവതികള്‍ സമാനമായ രീതിയില്‍ തടവിലുണ്ടായിരുന്നു. ലഹരി നല്‍കി ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, വഴങ്ങാത്തതിനെ തുടര്‍ന്ന് നഗ്‌നദൃശ്യങ്ങള്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും നാട്ടിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ ദുബായിലുള്ള ഒരു ബന്ധുവിന്റെ രഹസ്യമായ സഹായത്തോടെയാണ് താന്‍ ജീവന്‍ തിരിച്ചുപിടിച്ച് നാട്ടിലെത്തിയതെന്നും ഇരയായ യുവതി പോലീസിന് മൊഴി നല്‍കി.

Related News

Comments

No comments yet. Be the first to comment!

Leave a Comment