17/10/2026
Kerala News

ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുളളവര്‍ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍

ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുളളവര്‍ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍

തിരുവനന്തപുരം:  യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഷിബു ബേബി ജോണും സി.പി. ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, മറ്റെല്ലാ മന്ത്രിമാരും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചടങ്ങില്‍ വ്യത്യസ്തനായി.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വന്‍ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തിരുവനന്തപുരത്ത് എത്തിയത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എംപി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി തുടങ്ങിയ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ വേദി പ്രൗഢമാക്കി. ഭരണപക്ഷ നേതാക്കള്‍ക്കൊപ്പം രാഷ്ട്രീയ ഭേദമന്യേ പ്രതിപക്ഷത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളും വേദിയിലുണ്ടായിരുന്നു. ഭരണ-പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച് ഒരേ വേദിയിലിരുത്തിയുള്ള ഇത്തരമൊരു സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നത് ചടങ്ങിന്റെ സവിശേഷതയായി.

വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, ബിന്ദു കൃഷ്ണ, എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, പി.കെ. ബഷീര്‍, കെ.എം. ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍. ഇതില്‍ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യത്തെ രണ്ടര വര്‍ഷം അനൂപ് ജേക്കബും തുടര്‍ന്നുള്ള രണ്ടര വര്‍ഷം മാണി സി. കാപ്പനും മന്ത്രിസ്ഥാനം കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായും ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായും നിശ്ചയിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ പൂര്‍ത്തിയായെങ്കിലും മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഘടകകക്ഷികളുടെ വകുപ്പുകളിലുള്‍പ്പെടെ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ നേരത്തെ ധാരണയായ വകുപ്പുകളില്‍ മാറ്റമുണ്ടാകും. തനിക്ക് വൈദ്യുതി വകുപ്പിനോട് താല്‍പര്യമില്ലെന്ന് കെ. മുരളീധരന്‍ മുന്നണി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പകരം ആരോഗ്യവും ദേവസ്വവും വേണമെന്ന മുരളീധരന്റെ ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരും മണിക്കൂറുകളില്‍ തന്നെ മന്ത്രിമാരുടെ ഔദ്യോഗിക വകുപ്പുവിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറങ്ങും.




Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement