യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും മാത്രമെന്ന നിര്‍ദേശം ഉയര്‍ന്നതായി സൂചന. രണ്ട് മന്ത്രിസ്ഥാനം അനുവദിക്കില്ലെന്ന നിലപാടിനൊപ്പം, അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനമെന്ന ഫോര്‍മുലയും പരിഗണനയിലാണ്. ആദ്യ ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, രണ്ട് മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം. ചീഫ് വിപ്പ് പദവി വേണ്ടെന്നത് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം അര്‍ഹമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് എംഎല്‍എമാരെ വിജയിപ്പിച്ച സാഹചര്യവും യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും, രണ്ട് മന്ത്രി സ്ഥാനവും നല്‍കാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു. രണ്ട് മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം ചില ഫോര്‍മുലകള്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നെങ്കിലും, അവയും തൃപ്തികരമല്ലെന്ന് അറിയിച്ചു.
സീറ്റ് വിഭജന ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തതും കോണ്‍ഗ്രസിന് വലിയ സഹകരണം നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ രണ്ട് മന്ത്രിസ്ഥാനം കൂടാതെ ഒരു ചീഫ് വിപ്പ് പദവിയും പാര്‍ട്ടിക്ക് ഉണ്ടായിരുന്നുവെന്നും, അന്ന് ഒന്‍പത് എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment