തിരുവനന്തപുരം: ആരൊക്കെയാണ് പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെന്ന കാര്യം നാളെ രാവിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് വൈകീട്ടോടെ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരെ മാധ്യമങ്ങളിലൂടെ നേരിട്ട് പ്രഖ്യാപിക്കാറില്ലെന്നതാണ് പൊതുവായ രീതിയെന്നും, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നാടിനെ മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള യുഡിഎഫിന്റെ ഏറ്റവും പ്രഗത്ഭരായ ഒരു മികച്ച ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പുതിയ സര്‍ക്കാരിന്റെ ജനപ്രിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ണ്ണമായും പാലിക്കുമെന്നും യുഡിഎഫ് മുന്നണിയില്‍ യാതൊരുവിധ ആശങ്കകള്‍ക്കും അടിസ്ഥാനമില്ലെന്നും കെ. സി. വേണുഗോപാല്‍ പറഞ്ഞു. പുതിയ മന്ത്രിസഭയില്‍ ആലപ്പുഴ ജില്ലയ്ക്ക് അര്‍ഹമായ നല്ല പ്രാതിനിധ്യം ഉണ്ടാകും. കഴിഞ്ഞ ഭരണകാലത്ത് നാടിന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് താനടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നത് പാര്‍ട്ടിയുടെ ഒരേയൊരു ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയും കെ. സി. വേണുഗോപാല്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നും, സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മുടെ നാട്ടില്‍ വര്‍ഗീയത ഇളക്കിവിട്ടാല്‍ അതിനെ ജനം അംഗീകരിക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. തൊട്ടതിനും പിടിച്ചതിനുമെല്ലാം മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ച് ആക്രമിക്കുന്ന ശൈലി കേരളത്തില്‍ മതസ്പര്‍ദ്ദ വളര്‍ത്താനുള്ള വ്യക്തമായ ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ കാത്തിരിക്കുന്നത് ഇത്തരം തരംതാണ തമാശകള്‍ക്കല്ലെന്നും, പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ വികസനങ്ങളാണ് ചെയ്യുന്നത് എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നതെന്നും കെ. സി. വേണുഗോപാല്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment