Saturday, July 18, 2026
Kerala News

മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

തിരുവനന്തപുരം:  മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. കൊച്ചിയിലായിരുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയും നല്‍കുന്ന കാര്യവും മുന്നണിയുടെ പരിഗണനയിലുണ്ട്. ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം അന്തിമ തീരുമാനമെടുക്കും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, പി.കെ. ബഷീര്‍ എന്നിവര്‍ മന്ത്രിമാരായേക്കുമെന്നാണ് സൂചന. വകുപ്പ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും.

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തില്‍ അവര്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കും. എങ്കിലും, ഇതിന്റെ പേരില്‍ മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ജോസഫ് വിഭാഗത്തിന് ലഭിക്കാനാണ് നിലവില്‍ സാധ്യത കാണുന്നത്. വരും ദിവസങ്ങളില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കും. ഈ മാസം 23-നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

വരുന്ന തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. ഇതോടെ പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.





Related News

Comments

No comments yet. Be the first to comment!

Leave a Comment