ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) ജൂണ്‍ 21-ന് വീണ്ടും നടത്തും. പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെയ് മൂന്നിന് നടന്ന പരീക്ഷയില്‍ ഏകദേശം 22 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. എന്നാല്‍ പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പുനഃപരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എന്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്. പഴയ രജിസ്‌ട്രേഷന്‍ വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും തന്നെയായിരിക്കും നിലനില്‍ക്കുക. വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണമെന്നും തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും എന്‍ടിഎ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജിപിഎസ് ട്രാക്കിങ്, ബയോമെട്രിക് വെരിഫിക്കേഷന്‍, 5ജി ജാമറുകള്‍ തുടങ്ങി അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും ചോദ്യപേപ്പര്‍ ചോര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ട്. 720 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ ഏകദേശം 600 മാര്‍ക്കിന്റെ ചോദ്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചോദ്യപേപ്പര്‍ 20,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് വിറ്റഴിച്ചതെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ യുവമോര്‍ച്ച നേതാവ് ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ ജയ്പൂര്‍, നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ പേരെയും പിടികൂടിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment