17/10/2026
Kerala News

മുഖ്യമന്ത്രി പ്രഖ്യാപനം; തീരുമാനം കാത്ത് ലീഗ്

മുഖ്യമന്ത്രി  പ്രഖ്യാപനം; തീരുമാനം കാത്ത് ലീഗ്


കോഴിക്കോട്: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തീരുമാനം വേഗത്തില്‍ ഉണ്ടാകേണ്ടതുണ്ടെന്നും, ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് ശേഷം ശേഷിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനങ്ങള്‍ പിന്നീട് ഉണ്ടാകും.

ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്നാല്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും, യുഡിഎഫ് തന്നെയാണ് ഭരണത്തിലേറാന്‍ പോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിന്റെ അടിയന്തര നേതൃയോഗത്തിന് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി തങ്ങള്‍, പി.എം.എ സലാം, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement