Saturday, July 18, 2026
India News

വിജയ് - രാഹുല്‍ റീലുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക്; കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്രം

വിജയ് - രാഹുല്‍ റീലുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക്; കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി:   ചെന്നൈയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഹുല്‍ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലുകള്‍ തടയപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. റീലുകള്‍ ബ്ലോക്ക് ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും, സാങ്കേതിക പിഴവുകള്‍ മൂലമാണ് ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതെന്ന് ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം തന്നെ ഇത് സാങ്കേതിക തകരാറാണെന്ന് ഫ്‌ലാഗ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

റീല്‍ ബ്ലോക്ക് ചെയ്തതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വിജയിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. വെറും ഒരു മണിക്കൂറിനുള്ളില്‍ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ വീഡിയോയും 46 ദശലക്ഷം ആളുകളിലേക്ക് എത്തിയ ചിത്രങ്ങളുമാണ് അപ്രത്യക്ഷമായതെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ ആരോപിച്ചു.

അതേസമയം, തമിഴ്നാട് നിയമസഭാംഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉള്‍പ്പെടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലെ 99 പേരാണ് ആദ്യമായി നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment