Saturday, July 18, 2026
Kerala News

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു

ചെന്നൈ:  തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ 118 പേരുടെ പിന്തുണയില്ലാതെ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഗവര്‍ണര്‍. നിലവില്‍ 113 എംഎല്‍എമാരുടെ പിന്തുണയുള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ കുറവുണ്ട്. ഈ സാഹചര്യത്തില്‍ സിപിഐഎം, സിപിഐ, വിടുതലൈ സിരുത്തൈകള്‍ കക്ഷി (വിസികെ) എന്നീ പാര്‍ട്ടികളുടെ ഇന്നത്തെ നിലപാട് നിര്‍ണ്ണായകമാകും.

ഇടതുപക്ഷ പാര്‍ട്ടികളുടെയും വിസികെയുടെയും അധ്യക്ഷന്‍മാര്‍ ഇന്നലെ മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും ഡിഎംകെ മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്റ്റാലിന്റെ പച്ചക്കൊടി ലഭിക്കുന്നതോടെ ഈ പാര്‍ട്ടികള്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇന്ന് രാവിലെ പത്ത് മണിക്ക് ചേരുന്ന സിപിഐഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഈ മൂന്ന് പാര്‍ട്ടികള്‍ക്കുമായി ആറ് എംഎല്‍എമാരാണുള്ളത്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ ടിവികെയുടെ ആകെ ബലം 119 ആയി ഉയരുകയും ഭരണമുറപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.

അതേസമയം, ഗവര്‍ണര്‍ രണ്ടാമതും അനുമതി നിഷേധിച്ചതോടെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ടിവികെ. വിജയ്യുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ലീഗല്‍ വിഭാഗവുമായി ഇന്നലെ ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചിക്കുന്നത്. ടിവികെയിലേക്കുള്ള കൂറുമാറ്റം ഭയന്ന് പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ 25 എഐഎഡിഎംകെ എംഎല്‍എമാര്‍ അവിടെത്തന്നെ തുടരുകയാണ്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസാമി റിസോര്‍ട്ടിലെത്തി ഇവരുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി ഇപിഎസിനെ തിരഞ്ഞെടുക്കുകയും ചെയ്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment