Saturday, July 18, 2026
Kerala News

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടല്‍ പണിമുടക്ക്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടല്‍ പണിമുടക്ക്

സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പണിമുടക്കും. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ഓയിൽ കമ്പനി ഓഫീസുകളിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കഴിഞ്ഞ ദിവസം വർധിപ്പിച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില ഏകദേശം 3100 രൂപയിലെത്തി. യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയ ഈ വിലവർധനവ് ഹോട്ടൽ, കാറ്ററിംഗ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിലിണ്ടർ വില കുറയ്ക്കാതെ സ്ഥാപനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.

പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ അസ്ഥിരതയാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടുന്നത്. മാർച്ച് മാസത്തിൽ 115 രൂപയും ഏപ്രിലിൽ 200 രൂപയും വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആയിരം രൂപയ്ക്കടുത്ത് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല. എങ്കിലും വിതരണ കേന്ദ്രങ്ങളിൽ സിലിണ്ടറിനായുള്ള നീണ്ട ക്യൂ തുടരുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. കയറ്റുമതി മേഖലയെയും വ്യവസായങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ വിലവർധനവ് വിപണിയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment