തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സ്ഥാനം രാജിവെച്ചു. പ്രതിപക്ഷത്തിരുന്നാലും ജനങ്ങള്‍ക്കായി ശക്തമായി പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണത്തിലിരുന്ന കാലത്ത് വികസന പദ്ധതികള്‍ നടപ്പാക്കിയതായും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് 74 സീറ്റുകള്‍ മാത്രമാണ് നേടാനായത്. സ്റ്റാലിന്‍ മത്സരിച്ച കൊളത്തൂര്‍ മണ്ഡലത്തിലെ പരാജയം വലിയ രാഷ്ട്രീയ തിരിച്ചടിയായി.
ഇതിനിടെ, തമിഴക വെട്രി കഴകം സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങള്‍ ശക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ വിജയിയുടെ നേതൃത്വത്തില്‍ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിയുക്ത എംഎല്‍എമാരും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു.
118 എന്ന ഭൂരിപക്ഷ സംഖ്യയിലെത്താന്‍ ടിവികെയ്ക്ക് ഇനിയും വലിയ വെല്ലുവിളികളുണ്ട്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, വിടുതലൈ സിരുത്തൈകള്‍ കക്ഷി, മുസ്ലിം ലീഗ്, അണ്ണാ ഡിഎംകെ സഖ്യത്തിലെ പാട്ടാളി മക്കള്‍ കക്ഷി എന്നിവരുമായി സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. പിന്തുണ സംബന്ധിച്ച കാര്യത്തില്‍ പിന്നീട് തീരുമാനം ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment