Saturday, July 18, 2026
Kerala News

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐയില്‍ നേതൃമാറ്റ ആവശ്യം ശക്തം

 തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐയില്‍ നേതൃമാറ്റ ആവശ്യം ശക്തം


നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഐയില്‍ നേതൃമാറ്റത്തിനായുള്ള ആവശ്യം ശക്തമായി ഉയരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി കൂടിവരുന്നതായാണ് സൂചന. സെക്രട്ടറി സ്ഥാനം മാറ്റണമെന്ന ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകരിലും നേതൃനിരയിലും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഐയുടെ എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരാനിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവുകളാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. നേതൃത്വം കാണിച്ച പിടിവാശിയും ചില ഇടപെടലുകളും തിരിച്ചടിക്ക് വഴിവെച്ചുവെന്ന വിമര്‍ശനവും ശക്തമാണ്. നാദാപുരം, തൃശൂര്‍, അടൂര്‍, പീരുമേട് എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന വിമര്‍ശനങ്ങള്‍ പ്രത്യേകിച്ച് ഉയര്‍ന്നിട്ടുണ്ട്.

നാദാപുരത്ത് ആദ്യം സി.എന്‍ ചന്ദ്രന്റെ പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി പി. വസന്തത്തെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ഭാര്യയായ പി. വസന്തത്തിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവച്ചു.

2001ന് ശേഷം സിപിഐ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. അന്ന് ഏഴ് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. ഇത്തവണ എട്ട് സീറ്റുകള്‍ നേടിയെങ്കിലും 25 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഏകദേശം മൂന്നില്‍ ഒരു ഭാഗം സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. കൂടാതെ, സിപിഐയുടെ ഒരു സീറ്റില്‍ ബിജെപി വിജയിച്ചതും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment