Saturday, July 18, 2026
Kerala News

മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരന് പീഡനം; ബോര്‍ഡിങ് സ്‌കൂളിനെതിരെ പരാതി, രണ്ടുപേര്‍ കസ്റ്റഡിയില്‍

 മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരന് പീഡനം; ബോര്‍ഡിങ് സ്‌കൂളിനെതിരെ പരാതി, രണ്ടുപേര്‍ കസ്റ്റഡിയില്‍


കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കിയെന്ന ഗുരുതര ആരോപണം. പുനലൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്ന് തലകീഴായി കെട്ടിത്തൂക്കിയെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാചകക്കാരന്റെ പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനശ്രമമെന്ന് കുട്ടിയുടെ മൊഴി. താന്‍ പണം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ചിട്ടും വാര്‍ഡനും പാചകക്കാരനും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറയുന്നു. തുടര്‍ന്ന് അധികൃതര്‍ രക്ഷിതാവിനെ വിളിച്ച് കുട്ടിയെ വീട്ടിലേക്ക് അയച്ചിരുന്നു.

വീട്ടിലെത്തിയ ശേഷമാണ് കുട്ടി സംഭവവിവരം അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment