Saturday, July 18, 2026
Kerala News

ജനവിധിയറിയാന്‍ രണ്ട് നാള്‍ മാത്രം; വോട്ടെണ്ണലിന് മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജനവിധിയറിയാന്‍ രണ്ട് നാള്‍ മാത്രം; വോട്ടെണ്ണലിന് മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം:  സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്തുടനീളം 43 സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് ജനവിധി നിര്‍ണ്ണയിക്കുന്നത്. വോട്ടെണ്ണല്‍ സുതാര്യവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാന്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 140 ആര്‍.ഒമാര്‍, 1,340 അഡീഷണല്‍ എ.ആര്‍.ഒമാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സ്‌ട്രോങ്ങ് റൂമുകള്‍ സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍, ഒബ്സര്‍വറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോര്‍ഡിംഗോടു കൂടി മാത്രമായിരിക്കും തുറക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ പരമാവധി 14 ടേബിളുകള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ ഹാളുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി 48 മണിക്കൂറിനുള്ളില്‍ വോട്ടിംഗുമായും വോട്ടെണ്ണലുമായും ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ അടങ്ങുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്‍ഡക്‌സ് കാര്‍ഡ് പ്രസിദ്ധീകരിക്കും. കേരളത്തിനൊപ്പം തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ അന്നേദിവസം തന്നെയാണ് നടക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment