കൊച്ചി: എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കൊച്ചി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതോടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും ആശങ്കയ്ക്ക് വിരാമമായി.
ചൊവ്വാഴ്ച രാത്രി വീടുവിട്ടിറങ്ങിയ കുട്ടിക്കായി പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. കുട്ടി റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇന്ന് രാവിലെയാണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ ചിത്രം പകര്‍ത്തി മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കി. കുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി. കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ചും വീടുവിട്ടിറങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment