Saturday, July 18, 2026
Kerala News

വാണിജ്യപാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

 വാണിജ്യപാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി:  രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയില്‍ 3,024 രൂപയായും ഉയര്‍ന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ വന്‍ വര്‍ദ്ധനവ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും. ഇത് ഭക്ഷണസാധനങ്ങളുടെ വില കൂടാന്‍ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, പെട്രോള്‍, ഡീസല്‍ എന്നിവയുടെയും വിമാന ഇന്ധനത്തിന്റെയും (ഏവിയേഷന്‍ ഫ്യൂവല്‍) വിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് താല്‍ക്കാലിക ആശ്വാസമായി തുടരുന്നു.

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതോടെ എണ്ണക്കമ്പനികള്‍ വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിദിനം 16,000 കോടി രൂപയുടെ നഷ്ടം കമ്പനികള്‍ക്ക് ഉണ്ടാകുന്നതായാണ് കണക്കുകള്‍. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിലേക്ക് ഉയര്‍ന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. എന്നിരുന്നാലും, ആഗോള വിപണിയില്‍ ഇന്ന് എണ്ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 114 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ എണ്ണ വ്യാപാരം നടക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment