Saturday, July 18, 2026
Kerala News

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ആധിപത്യം കൂടും; വെള്ളാപ്പള്ളി നടേശന്‍

 യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ആധിപത്യം കൂടും; വെള്ളാപ്പള്ളി നടേശന്‍


തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗിന്റെ ആധിപത്യം വര്‍ധിക്കുമെന്നും മതാധിപത്യ പ്രവണതകള്‍ ശക്തമാകാമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ലെന്നും അന്തിമ ഫലത്തിനായി നാലാം തീയതി വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ പല ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയതായി ചൂണ്ടിക്കാട്ടിയ നടേശന്‍, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് തന്റെ കണക്കുകൂട്ടല്‍ എന്നും കൂട്ടിച്ചേര്‍ത്തു. അത് തന്റെ വ്യക്തിപരമായ ആഗ്രഹവുമാകാമെന്നും അദ്ദേഹം സമ്മതിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുസ്ലിം ലീഗിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്നും, ലീഗ് നേതാക്കള്‍ തന്നെ സതീശന്‍ മുഖ്യമന്ത്രി ആകണമെന്നാണ് പറയുന്നതെന്നും നടേശന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണെന്നും, അതില്‍ ലീഗിന് ഇടപെടാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗ് തന്നെ ഭരണം നിയന്ത്രിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്നും, തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ലീഗ് മുഖ്യമന്ത്രി അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും നടേശന്‍ വിമര്‍ശിച്ചു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് സ്വതന്ത്ര നിലപാട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment