തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെയും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി ഡോ. ബി അശോക്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നും, സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ പരാജയപ്പെട്ടതിന് ശേഷമുള്ള പ്രതികാരമാണ് സസ്‌പെന്‍ഷനെന്നും അദ്ദേഹം ആരോപിച്ചു. സസ്‌പെന്‍ഷന്‍ ഉത്തരവ് തള്ളിക്കളയുന്നുവെന്നും, പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ കാര്യങ്ങള്‍ ശരിയാകുംെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിനെ സ്തുതിക്കാന്‍ താന്‍ തയ്യാറല്ലെന്നും, പോകുന്ന പോക്കിന് ശത്രുവിനെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുന്നതുപോലെയാണ് ഈ നടപടി എന്നും അശോക് വിമര്‍ശിച്ചു. ഐഎഎസ് അസോസിയേഷന്‍ നല്‍കിയ അഞ്ച് കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവധി അവസാനിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ, ആരും മിണ്ടരുതെന്ന രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചതായി പരിഹസിക്കുകയും ചെയ്തു.
ഒന്നാം പിണറായി സര്‍ക്കാരിലെ ശിവശങ്കര്‍ ഐഎഎസ് കഴിവുള്ള ഉദ്യോഗസ്ഥനായിരുന്നു എന്നും, രണ്ടാം പിണറായി സര്‍ക്കാറിനെ നയിച്ചത് പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥരാണെന്നും അശോക് പറഞ്ഞു. നിരവധി പദവികളില്‍ അനര്‍ഹര്‍ ഇരിക്കുന്നുവെന്നും, ചട്ടവിരുദ്ധമായ നിയമനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ എം എബ്രഹാം ബാഹ്യ അധികാരകേന്ദ്രമായി വളര്‍ന്നിരിക്കുകയാണെന്നും, ചീഫ് സെക്രട്ടറിയെപ്പോലും തീരുമാനിക്കുന്നത് കെ എം എബ്രഹാമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment