Saturday, July 18, 2026
Kerala News

അധികബാധ്യതയുണ്ടാവാതിരിക്കാന്‍ ലോഡ്‌ഷെഡിങ്; വൈദ്യുതി ചാര്‍ജ് വര്‍ധന ഒഴിവാക്കാന്‍ കെഎസ്ഇബി

അധികബാധ്യതയുണ്ടാവാതിരിക്കാന്‍ ലോഡ്‌ഷെഡിങ്; വൈദ്യുതി ചാര്‍ജ് വര്‍ധന ഒഴിവാക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം:  സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി കെഎസ്ഇബി നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ വരും മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വലിയ തുക സര്‍ചാര്‍ജായി നല്‍കേണ്ടി വരും. എന്നാല്‍ മേയ് ആദ്യവാരം വേനല്‍ മഴ ലഭിക്കുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്താല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. ഏപ്രില്‍ 23ന് രാത്രി ആവശ്യകത 6,195 മെഗാവാട്ട് വരെ ഉയര്‍ന്നിരുന്നു. കടുത്ത ചൂടും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് പ്രതിസന്ധിക്ക് കാരണമായി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന പഴയ കരാറുകള്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത് കെഎസ്ഇബിക്ക് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് അനുമതിയുള്ളത്.

ദേശീയതലത്തിലും വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ വൈദ്യുതി ആവശ്യകത 256 ജിഗാവാട്ടിലെത്തി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെ കേന്ദ്ര നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടാകുമോ എന്ന ആശങ്കയിലാണ് കേരളം. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനത്തിലധികം കേന്ദ്ര നിലയങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ദേശീയതലത്തില്‍ പ്രതിസന്ധി രൂക്ഷമായാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment