Saturday, July 18, 2026
India News

ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  വാഷിങ്ടണില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത വിരുന്നിനിടെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും എക്സിലൂടെ അറിയിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനും പ്രഥമ വനിത മെലാനിയ ട്രംപിനുമൊപ്പം സുരക്ഷിതനായി ഇരിക്കുന്ന ട്രംപിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോദി തന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. കാലിഫോര്‍ണിയ സ്വദേശിയായ 31-കാരന്‍ കോള്‍ തോമസ് അലന്‍ ആണ് വെടിയുതിര്‍ത്തതെന്ന് ട്രംപ് സ്ഥിരീകരിച്ചു. വിരുന്ന് നടന്ന ഹാളില്‍ നിന്നും 45 മീറ്റര്‍ അകലെ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ വേഗത്തില്‍ ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായെന്നും സീക്രട്ട് സര്‍വീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വധശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല - ട്രംപ് പറഞ്ഞു.

വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ ബാള്‍റൂമിന് പുറത്താണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. അക്രമി ഇതേ ഹോട്ടലില്‍ മുറിയെടുത്തിരുന്നതായും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും പോലീസ് മേധാവി ജെഫ്രി കരോള്‍ അറിയിച്ചു. വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമിയെ എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിരുന്നില്‍ പങ്കെടുത്ത പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും പൂര്‍ണ്ണ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment