Saturday, July 18, 2026
Kerala News

കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത

കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യത

തിരുവനന്തപുരം:  കേരളത്തില്‍ കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ പന്ത്രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ താപനില സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില (40 ഡിഗ്രി സെല്‍ഷ്യസ്) പ്രതീക്ഷിക്കുന്നത്. കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ചൂട് വര്‍ധിച്ചേക്കാം. കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രിയും വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും വായുവിലെ ഈര്‍പ്പവും കാരണം മലയോര മേഖലകളൊഴികെ മറ്റിടങ്ങളില്‍ അസ്വസ്ഥതയുള്ള കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍ മഴ എത്തും. ഏപ്രില്‍ 29-ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നത് കടുത്ത ചൂടിന് നേരിയ ശമനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.





Related News

Comments

No comments yet. Be the first to comment!

Leave a Comment