തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ സര്‍പ്പ ടീം നടത്തിയ പരിശോധനകള്‍ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിലും പാമ്പ് എത്തുന്ന ഉറവിടം കണ്ടെത്താനായില്ല. വീടിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധനയാണ് നടത്തിയത്.
ബാത്ത്‌റൂമിലെ പൈപ്പിലൂടെ പാമ്പ് കയറുന്നുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന്, അതിനുള്ള സാധ്യതയുള്ള ഭാഗങ്ങള്‍ സീല്‍ ചെയ്യാന്‍ തീരുമാനിച്ചു. വീടിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ആശുപത്രിയില്‍ കഴിയുന്ന അനോഷിനെ ഡിസ്ചാര്‍ജ് ചെയ്താലും ഈ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. വീണ്ടും അപകടസാധ്യത നേരിടാന്‍ താല്‍പര്യമില്ലെന്നും സമാധാനം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും പിതാവ് സില്‍ജോയും മാതാവ് ജോണ്‍സിയും പറഞ്ഞു.
ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. ശുചിമുറിയില്‍ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. കുട്ടികളെ കടിച്ച ശംഖുവരന്‍ ഇനത്തില്‍പ്പെട്ട പാമ്പ് നേരത്തെയും നാല് തവണ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 19നാണ് സഹോദരങ്ങളായ അനോഷിനും ആന്‍ജോയ്ക്കും ഉറങ്ങുന്നതിനിടെ പാമ്പുകടി ഏല്‍ക്കുന്നത്. തലയിണയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പാമ്പാണ് കടിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് അബോധാവസ്ഥയില്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കിടപ്പുമുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയും ചെയ്തു.
സംഭവത്തില്‍ എട്ട് വയസുകാരന്‍ മരിക്കുകയും സഹോദരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയും ചെയ്തിരുന്നു. കൂടുതല്‍ പാമ്പുകള്‍ ഉണ്ടാകാമെന്ന ആശങ്കയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീടിന് ചുറ്റും തീകൊളുത്തി ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment