Saturday, July 18, 2026
Kerala News

തെറ്റ് ചെയ്ത പൊലീസുകാരോട് അന്നും പറഞ്ഞിട്ടുണ്ട് പോടാ പുല്ലേ എന്ന്: ആര്‍ ശ്രീലേഖ

തെറ്റ് ചെയ്ത പൊലീസുകാരോട് അന്നും പറഞ്ഞിട്ടുണ്ട് പോടാ പുല്ലേ എന്ന്: ആര്‍ ശ്രീലേഖ

തിരുവനന്തപുരം:  വട്ടിയൂർക്കാവിലെ ബിജെപി-സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് ഉയർന്ന പോടാ പുല്ലെ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. താൻ സർവീസിലിരുന്ന കാലത്തും സമാനമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ടെന്നും, അഴിമതിക്കാരായ പോലീസുകാർക്കെതിരെ കർശന നടപടിയെടുത്തപ്പോൾ ഇല്ലാത്ത പ്രതിഷേധം ഇപ്പോൾ എന്തിനാണെന്നും ശ്രീലേഖ ചോദിച്ചു. ഗുരുതരമായ തെറ്റുകൾ ചെയ്യുന്ന പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ഡിസ്മിസ് ചെയ്യുകയും ചെയ്തപ്പോഴൊന്നും ഒരു രാഷ്ട്രീയ-പോലീസ് അസോസിയേഷൻ നേതാക്കളും ശബ്ദമുയർത്തിയിരുന്നില്ലെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വിരമിച്ച ശേഷം തെറ്റുകൾ ചെയ്തുകൂട്ടുന്ന ഒരാളെ പോടാ എന്ന് വിളിച്ചതിൽ ഇത്രയധികം ആകുലപ്പെടേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിലെ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനോട് ആർ. ശ്രീലേഖയും ടി.പി. സെൻകുമാറും മോശമായി പെരുമാറി എന്ന ആരോപണങ്ങൾക്കിടെയാണ് ഈ വിശദീകരണം. അതേസമയം, മുൻ ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം പ്രയോഗങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഭരണപക്ഷത്തുനിന്ന് ഉയരുന്നത്.

വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. ആർ. ശ്രീലേഖയും ടി.പി. സെൻകുമാറും വിളിച്ച പോടാ പുല്ലെ മുദ്രാവാക്യം മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. ഇരുവരും സർവീസിലിരുന്ന കാലത്ത് എടുത്ത തീരുമാനങ്ങളും ഫയലുകളും പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉന്നത പദവികൾ വഹിച്ചവർ ഇത്തരത്തിൽ തെരുവിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment