തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സയില്‍ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും, കുട്ടിയുടെ അവസ്ഥ ഗൗരവമായി എടുത്തില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
അഴൂര്‍ സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിനുള്ളില്‍ മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പുലര്‍ച്ചെ രണ്ടരയോടെ പാമ്പ് കടിയേറ്റത്. കാലില്‍ എന്തോ കടിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ അവിടെ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികളില്‍ കുട്ടിയുടെ കാലില്‍ പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ദിക്ഷല്‍ ചിറയിന്‍കീഴിലെ ഒരു സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തി.
Comments
No comments yet. Be the first to comment!
Leave a Comment